പാലക്കാട്: സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ (ഡിടിപിസി) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ജില്ലാതല ഓണാഘോഷ പരിപാടികള്‍ 25 മുതല്‍ 28വരെ സംഘടിപ്പിക്കും.
പാലക്കാട് രാപ്പാടി ഓപ്പണ്‍ ഏയര്‍ ഓഡിറ്റോറിയം, വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക്, പോത്തുണ്ടി ഉദ്യാനം എന്നീ കേന്ദ്രങ്ങളിലായി വിപുലമായ കലാ-സാംസ്കാരിക പരിപാടികളാണ് നടക്കുക. 25ന് വൈകുന്നേരം അഞ്ചിന് അത്താലൂര് പി. ശിവദാസനും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യത്തോടെ രാപ്പാടി ഓപ്പണ്‍ ഏയര്‍ ഓഡിറ്റോറിയത്തില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് മഠത്തില്‍ ഭാസ്കരനും സംഘവും -കണ്യാര്‍കളി, മണ്ണൂര്‍ ചന്ദ്രനും സംഘവും-പൊറാട്ടുകളി എന്നിവ അരങ്ങേറും.
വൈകുന്നേരം ആറിനാണ് ഉദ്ഘാടന സമ്മേളനം. രാത്രി 7.30ന് സിനിമാ താരം കൃഷ്ണപ്രഭ- ഗൗരി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന നൃത്തപരിപാടിയും നടക്കും. 26ന് വൈകുന്നേരം 5.30ന് ദേവാശ്രയം ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിലെ കുട്ടികളുടെ കലാപരിപാടികള്‍, ആറിന് രാമന് സ്മാരക തിറ- പൂതന്‍ കളി സംഘം അവതരിപ്പിക്കുന്ന തിറയും പൂതനും, 6.30ന് വിപിന്‍ പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്, രാത്രി 7.30ന് എസ്എസ് മ്യൂസിക് ബാന്‍ഡ് പാലക്കാട് അവതരിപ്പിക്കുന്ന വയലിന് ഫ്യൂഷന്‍ എന്നിവയുണ്ടായിരിക്കും.
27ന് വൈകുന്നേരം 5.30ന് എലവഞ്ചേരി ബേബീസ് കലാസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി, കൈകൊട്ടിക്കളി, ആറിന് വോയ്സ് ഓഫ് കളക്ടറേറ്റിന്റെ കരോക്കെ ഗാനമേള, രാത്രി ഏഴിന് ടി. പകാനും സംഘവും അവതരിപ്പിക്കുന്ന പൊറാട്ടു നാടകം, 7.30ന് സ്വരാലയ പാലക്കാട് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ അരങ്ങേറും.
സമാപന ദിനമായ 28ന് വൈകുന്നേരം 5.30ന് സാരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേള, 6.30ന് അട്ടപ്പാടി ഗോത്രകലാമണ്ഡലത്തിന്റെ ആട്ടം പാട്ട്, രാത്രി എട്ടിന് കൈതോല നാടന്‍ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന "ലെഗസി ഫോക് മെഗാഷോ' എന്നിവയോടെ ആഘോഷങ്ങള്‍ സമാപിക്കും.